കൊച്ചി: വോട്ടെണ്ണലിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസില്‍ ഫ്ലക്സ് യുദ്ധം തുടരുന്നു. വി.ഡി. സതീശന് എതിരെയും അനുകൂലമായുമുള്ള ഫ്ലക്സുകളാണ് എറണാകുളത്തും മറ്റു ജില്ലകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എറണാകുളത്ത് കങ്ങരപ്പടിയിലും മൂവാറ്റുപുഴയിലുമാണ് ഫ്ലക്സുകള്‍ എത്തിയത്.
പട നയിച്ചവന്‍ നാട് നയിക്കട്ടെ, നിലപാടുകളുടെ രാജകുമാര്‍, നിയുക്ത മുഖ്യമന്ത്രി അഡ്വ. വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്ന വാചകങ്ങളോടെയുള്ള ഫ്ലക്സ് ആണ് കങ്ങരപ്പടിയില്‍ പ്രത്യക്ഷപ്പെട്ടത്. ടീം കങ്ങരപ്പടി എന്ന പേരിലാണ് ഫ്ലക്സ് എത്തിയത്. മൂവാറ്റുപുഴ ടൗണ്‍ സ്കൂളിന്റെ മുന്‍വശത്തും വെള്ളൂര്‍കുന്നം സിഗ്നലിലുമാണ് വലിയ ഫ്ലക്സ് എത്തിയിരിക്കുന്നത്.
വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ കേരളത്തിലുണ്ടായ സാഹചര്യം ഒന്നോര്‍ത്താല്‍ നന്ന്.. എന്ന ക്യാപ്ഷനോടെയാണ് പുതിയ ഫ്ലക്സ്. കോണ്‍ഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് ഫ്ലക്സ്. സതീശന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടാണ് ഫ്ലക്സ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കാന്‍ കാരണമായത് സതീശന് ആണെന്ന് വ്യക്തമാക്കുന്ന ചോദ്യങ്ങളായാണ് ഇതു കൊടുത്തിരിക്കുന്നത്.
ഇത് പിആര്‍ വര്‍ക്ക് അല്ല, ഓരോ യുഡിഎഫ് പ്രവര്‍ത്തകന്റെയും ഹൃദയവികാരം എന്നാണ് ഫ്ലക്സില്‍ പറയുന്നത്. അതേസമയം, കണ്ണൂരിലും ഇടുക്കിയിലും ഫ്ലക്സുകള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ വി.ഡി.യെ അനുകൂലിച്ചതില്‍ മലപ്പുറത്ത് മുസ്ലീം ലീഗിനെതിരെ ഫ്ലക്സ് ഉയര്‍ന്നിട്ടുണ്ട്.
മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട് നേതാക്കളുടെ പരസ്യ പ്രതികരണം പാര്‍ട്ടി വിലക്കിയിട്ടുണ്ടെങ്കിലും അനുനായികള്‍ പോര് തുടരുകയാണ്. കെ.സി. വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും പേരാണ് മുഖ്യമന്ത്രിക്കായി ഉയര്‍ന്നു വരുന്നത്. ഇവരുടെയും വീഡിയോകളും പുസ്തകങ്ങളും ഡോക്യുമെന്റിയും പോഡ്കാസ്റ്റുകളും എത്തുന്നുണ്ട്.